സിൽവർ സ്റ്റോമിൽ കേബിൾ കാറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കും
അതിരപ്പിള്ളി: പ്രകൃതിരമണീയമായ അതിരപ്പിള്ളിയിലെ പശ്ചിമഘട്ട വനമേഖലയുടെ മാസ്മരികത അറിയാൻ സിൽവർ സ്റ്റോമിൽ ആകാശ യാത്ര ഒരുക്കിയിരിക്കുന്നതായി മാനേജിംഗ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. അതിശയിപ്പിക്കുന്ന ആകാശ കാഴ്ചകൾക്കായി അത്യകർഷകമായ കേബിൾ കാറുകൾ സ്കൈ സ്റ്റോം സജ്ജമാക്കിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിൽവർ സ്റ്റോമിലെ കേബിൾ കാറുകളുടെ വിപുലമായ ശ്രേണി 23 ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നാടിന് സമർപ്പിക്കുമെന്നും എ.ഐ.ഷാലിമാർ പറഞ്ഞു.
അത്യാധുനീക സംവിധാനത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജംഗിൾ സ്റ്റോമിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലികുട്ടി നിർവ്വഹിക്കും. മന്ത്രിമാരായ
പി.സി.വിഷ്ണുനാഥ്, റോജി എം ജോൺ, ഒ.ജെ.ജനീഷ്, ബെന്നി ബഹനാൻ എം.പി., സനീഷ് കുമാർ ജോസഫ് എം.എൽ.എ., ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ദിവസേന അയ്യായിരത്തിലധികം സന്ദർശകർക്ക് അതിശയിപ്പിക്കുന്ന ആകാശയാത്രയുടെ നവ്യാനുഭവം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് കേബിൾ കാറിന്റെ സഞ്ചാരപാത ഒരുക്കിയിരിക്കുന്നതെന്ന്എ.ഐ.ഷാലിമാർ പറഞ്ഞു.
പശ്ചിമഘട്ട വനമേഖലയുടെ സൗന്ദര്യവും സിൽവർ സ്റ്റോം പാർക്കിന്റെയും ചാലക്കുടി പുഴയുടെയും മനം കുളിർക്കുന്ന കാഴ്ചകളും പൂർണ്ണമായി കാണാൻ കഴിയുന്നവിധമാണ് കേബിൾ കാറുകൾ സജ്ജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളിയുടെ ആകർഷണീയത മതിവരുവോളം ആസ്വദിക്കാൻ കേബിൾ കാറുകളിലൂടെ കഴിയുമെന്നും സ്വിറ്റ്സർലണ്ട്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ കേബിൾ കാറുകളുടെ സാങ്കേതിക വിദ്യയേക്കാൾ മേന്മയേറിയ കേബിൾ കാറുകളുടെ വിസ്മയമാണ് സ്കൈ സ്റ്റോം കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ആകാശയാത്ര എത്തിച്ചേരുന്നത് കൗതുകങ്ങളുടെ ഫോറസ്റ്റ് വില്ലേജിലാണ്. പരിസ്ഥിതി സമ്പത്തുകളുടെ പുതിയ അനുഭവങ്ങളും തിങ്ങിനിറഞ്ഞ മരങ്ങളും, നടപ്പാതകളും, ട്രൈബൽ ഹട്ടും, ലോകത്തിലെ
തന്നെ വ്യത്യസ്തങ്ങളായ അനേകം പക്ഷികളും മൃഗങ്ങളും, അക്വേറിയവും, സസ്യലതാദികളാലും സമ്പന്നമാണ് ജംഗിൾ സ്റ്റോം.
വിനോദത്തിനും വിജ്ഞാനത്തിനും അതിലുപരി മാനസിക ഉല്ലാസങ്ങൾക്കും പുതിയ അനുഭവം ഒരുക്കുകയാണ് ഫോറസ്റ്റ് വില്ലേജ്. എന്നുമെന്നും ഓർമ്മിക്കാൻ കഴിയുന്ന ചിത്രങ്ങൾ പകർത്താനും സന്ദർശകർക്ക് ഇവിടെ കഴിയുമെന്നും കാൽനൂറ്റാണ്ടിലേറെക്കാലം ടൂറിസം മേഖലയിൽ നേടിയ അനുഭവസമ്പത്തും സ്വീകാര്യതയും സിൽവർ സ്റ്റോമിനെ ദേശീയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണെന്നും എ.ഐ.ഷാലിമാർ പറഞ്ഞു. 2025 -ലാണ് ജാംഷഡ്പൂരിൽ സ്നോ പാർക്ക് ആരംഭിച്ചത്. ഉത്തർപ്രദേശിലെ ലക്നോവിൽ ഫാമിലി എന്റർടൈമെന്റും സ്നോ പാർക്കും ഉടൻ ആരംഭിക്കും. ഇതോടെ ഉത്തരേന്ത്യൻ ടൂറിസം രംഗത്തേക്ക് സിൽവർ സ്റ്റോം മുന്നേറുകയാണെന്നും നൂറ്റമ്പത് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിൽവർ സ്റ്റോമിൽ നടക്കുന്നതെന്നും വിവിധ റൈഡുകൾക്ക് പുറമെ സന്ദർശകർക്ക് കൂടുതൽ സേവനം നൽകുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ രണ്ട് റസ്റ്റോറന്റുകൾ കൂടി ആരംഭിച്ചിട്ടുണ്ടെന്നും 15 മില്ലിനിൽപരം ആളുകൾ സിൽവർ സ്റ്റോം സന്ദർശിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പുതിയതായി ആരംഭിക്കുന്ന 25 റൈഡുകളും 8 ഹൈ ത്രില്ലിങ്ങ് വാട്ടർ റൈഡുകളും
7 അഡ്വഞ്ചർ അമ്യൂസ്മെന്റ് റൈഡുകളും കൂടി ഒന്നിച്ചവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാർക്കാണ് അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോമെന്നും വാട്ടർ തീം പാർക്ക്, സ്നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്സ് തുടങ്ങിയവയെല്ലാം ഒരുകുടക്കീഴിൽ ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന റെക്കോഡും സിൽവർ സ്റ്റോം സ്വന്തമാക്കുകയാണെന്ന് മാനേജിങ്ങ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു.
പ്രകൃതി സൗന്ദര്യവും സാങ്കേതിക വിദ്യകളും പുത്തൻ അനുഭവങ്ങളും സമുന്വയിപ്പിച്ച് ടൂറിസത്തിന്റെ പുതിയ തലങ്ങളിലേക്ക് സന്ദർശകരെ കൊണ്ടുപോവുകയാണ് ടീം സിൽവർ സ്റ്റോമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ സ്റ്റോം പാർക്സ് ആൻ്റ് റിസോർട്ടിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ചെയർമാൻ പി.കെ.അബ്ദുൽ ജലീൽ, പ്രൊമോട്ടർ സിറാജ് വി.എ,
സ്വതന്ത്ര ഡയറക്ടർ കെ.അരവിന്ദാക്ഷൻ, സി.എഫ്.ഒ. കെ.രാമചന്ദ്രൻ, മാർക്കറ്റിങ്ങ് മാനേജർ ഷാജിത് എന്നിവർ പങ്കെടുത്തു.
