KeralaTrending News

ശബരിമല നെയ് ക്രമക്കേട്; പി.എസ്. പ്രശാന്തിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിജിലൻസ് കേസെടുത്തു

ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്. തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ട് പി.എസ് പ്രശാന്തും ബോർഡ് അംഗം അജികുമാറും പ്രതികളാണ്. വിജിലൻസ് എസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞവർഷം മകരവിളക്ക് കാലയളവിൽ പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിന് 2024 ലാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ഇതിനായി ടെണ്ടർ വിളിച്ചു. ആറ് സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കാളിയായത്. ഇതിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകിയത്.

ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

സാധാരണ നെയ്യ് ഉപയോഗിക്കുമ്പോൾ ഒരു കൂട്ട് അരവണ ഉണ്ടാക്കാൻ 10 ലിറ്റർ നെയ്യ് ആവശ്യമാണ്. എന്നാൽ മിൽമയുടെ നെയ്യ് ആകുമ്പോൾ7 മുതൽ 7.5 ലിറ്റർ വരെ മതിയാകും. അതിനാൽ മിൽമയ്ക്ക് മുൻഗണന നൽകണമെന്നായിരുന്നു അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ശുപാർശ നൽകിയത്. ഇതിനെ ദേവസ്വം കമ്മീഷണർ എതിർത്തിരുന്നു. ദേവസ്വം കമ്മീഷണറുടെ നിലപാട് തള്ളി കൊണ്ടാണ് മിൽമയ്ക്ക് കരാർ നൽകാൻ പി എസ് പ്രശാന്തും എ അജികുമാറും തീരുമാനമെടുത്തത്.