പ്രാജ് ഇൻഡസ്ട്രീസുമായി കൈകോർത്ത് സെൻട്രിയൽ ബയോഫ്യുവൽസ്
കൊച്ചി: ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖലയിലും എഥനോൾ ഉല്പാദന രംഗത്തും നിർണായക ചുവടുവെപ്പായി ഗോവയിൽ 700 കോടി രൂപയുടെ വൻകിട ധാന്യ അധിഷ്ഠിത എഥനോൾ പ്ലാന്റ് യാഥാർഥ്യമാകുന്നു. രാജ്യത്തെ പ്രമുഖ ബയോഎനർജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, എഞ്ചിനീയറിംഗ് സ്ഥാപനമായ പ്രാജ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് സെൻട്രിയൽ ബയോഫ്യുവൽസ് ലിമിറ്റഡ് പദ്ധതി നടപ്പാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധാന്യ അധിഷ്ഠിത എഥനോൾ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സംരംഭം ഗോവയിലെ ബിച്ചോലിം താലൂക്കിലെ നവേലിമിലാണ് സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ എഥനോൾ ബ്ലെൻഡിംഗ് പദ്ധതിക്ക് ശക്തമായ പിന്തുണ നൽകുന്നതിനൊപ്പം ഇന്ത്യയുടെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിൽ നിർണായക പങ്കുവഹിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി സെൻട്രിയൽ ബയോഫ്യൂവൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രവീൺ ഗോപകുമാർ പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള പുനരുപയോഗ ഊർജ്ജ പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്ന സെൻട്രിയൽ ബയോഫ്യുവൽസിന്റെ ദർശനവും, ബയോഫ്യുവൽ സാങ്കേതികവിദ്യ, പ്രോസസ് എഞ്ചിനീയറിംഗ്, സുസ്ഥിര വ്യവസായ പരിഹാരങ്ങൾ എന്നിവയിലുള്ള പ്രാജ് ഇൻഡസ്ട്രീസിന്റെ ആഗോള വൈദഗ്ധ്യവും ഈ പങ്കാളിത്തത്തിലൂടെ ഒന്നിക്കുകയാണ്.
പദ്ധതിക്കാവശ്യമായ പരിസ്ഥിതി അനുമതി, ജലവിഹിതം, വന്യജീവി സംബന്ധമായ അനുമതികൾ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രധാന ക്ലിയറൻസുകൾ കമ്പനി നേടിയിട്ടുണ്ട്. പ്ലാന്റിന്റെ പ്രവർത്തനത്തിനാവശ്യമായ പ്രതിദിനം 50 ലക്ഷം ലിറ്റർ ശുദ്ധീകരിച്ച ജലം ലഭ്യമാക്കുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ഒന്നാംഘട്ട നിർമ്മാണം അടുത്ത 12 മാസത്തിനകം പൂർത്തിയാക്കി മൂന്ന് വർഷത്തിനകം പദ്ധതി പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രവീൺ ഗോപകുമാർ പറഞ്ഞു.
പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഏകദേശം 1,000 പേർക്ക് നേരിട്ടും 3,000-ത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോജിസ്റ്റിക്സ്, കാർഷിക മേഖല, ഗതാഗതം, എഞ്ചിനീയറിംഗ്, സേവന മേഖലകൾ എന്നിവയിലുംo അനുബന്ധ വ്യവസായങ്ങളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രവീൺ ഗോപകുമാർ പറഞ്ഞു.
പ്ലാന്റിന് ആവശ്യമായ ധാന്യങ്ങളും മറ്റ് അസംസ്കൃത വസ്തുക്കളും ഗോവ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിക്കും. പ്ലാന്റിന് ചുറ്റുമുള്ള 200 കിലോമീറ്റർ പരിധിയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇതിനകം പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു.
ഉൽപ്പാദിപ്പിക്കുന്ന എഥനോൾ വിതരണം ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണ വിപണന കമ്പനികളുമായി (OMCs) ദീർഘകാല വിതരണ കരാറിൽ കമ്പനി ഏർപ്പെട്ടിട്ടുണ്ട്. ഇതുവഴി പദ്ധതിയുടെ സാമ്പത്തിക സ്ഥിരതയും ദീർഘകാല വിപണി ഉറപ്പും കൈവരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും പ്രവീൺ ഗോപകുമാർ പറഞ്ഞു.
നിലവിൽ ദക്ഷിണേന്ത്യയിൽ പ്രതിദിനം വലിയ തോതിൽ എഥനോളിന് ആവശ്യകതയുണ്ട്. ഈ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നാണ് എത്തിക്കുന്നത്. ഗോവയിലെ തന്ത്രപ്രധാനമായ സ്ഥാനം കാരണം ദക്ഷിണേന്ത്യയിലെ എഥനോൾ ക്ഷാമം പരിഹരിക്കുന്നതിലും ഗതാഗതച്ചെലവ് കുറയ്ക്കുന്നതിലും ഈ പ്ലാന്റ് നിർണായക പങ്കുവഹിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു.
ക്രൂഡ് ഓയിൽ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക, കർഷകർക്ക് അധിക വരുമാന മാർഗങ്ങൾ സൃഷ്ടിക്കുക, ഗ്രാമീണ വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവും ചാക്രികവുമായ സമ്പദ്‌വ്യവസ്ഥ വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പ്ലാന്റ് പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ എഥനോൾ, മൂല്യവർധിത സഹോൽപ്പന്നങ്ങൾ, അനുബന്ധ ബിസിനസുകൾ എന്നിവയിലൂടെ ഏകദേശം 7,500 കോടി രൂപയുടെ വാർഷിക വരുമാനം കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
പത്രസമ്മേളനത്തിൽ പ്രാജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് യഷോധൻ മൻകാമെ, അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റ് പ്രമോദ് പിള്ള, ജോയിൻ്റ് ജനറൽ മാനേജർ ബി.കെ.രാഘവേന്ദ്ര, സന്ദീപ് തോമസ് എന്നിവർ പ്രസംഗിച്ചു.
