നെതന്യാഹു വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്; മത്സരിക്കുമെന്ന് പ്രഖ്യാപനം
ടെൽ അവീവ്: ഇസ്രയേലിലെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മത്സരിക്കും. അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നെതന്യാഹു മത്സരിക്കാൻ സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് അറിയിപ്പുണ്ടായത്. അതിശയിപ്പിക്കുന്ന രാഷ്ട്രീയ ജീവിതമായിരുന്നു നെതന്യാഹുവിന്റേതെന്നും അദ്ദേഹം ഇനിയും മത്സരിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞതായി ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ അറിയിക്കുകയായിരുന്നു.
2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് വരുന്ന ഒക്ടോബറിൽ ഇസ്രയേലിൽ നടക്കാൻ പോകുന്നത്. നെതന്യാഹു സർക്കാർ കനത്ത തിരിച്ചടി നേരിട്ടേക്കുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
