ഗൾഫ് ആക്രമണങ്ങളുടെ നഷ്ടപരിഹാരം; ഇറാന്റെ വിദേശ ആസ്തികൾ ഉപയോഗിക്കാൻ യുഎസ് നീക്കം
യു.എസ് : ള്‍ഫ് മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കടുത്ത സാമ്പത്തിക നടപടികളുമായി അമേരിക്ക. കുവൈറ്റിലും ബഹ്റൈനിലും ഇറാന് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഇറാന്റെ വിദേശ ആസ്തികള്‍ തന്നെ ഉപയോഗിക്കാന്‍ യു.എസ് നീക്കം ശക്തമാക്കുന്നു.
ഇറാനിയന്‍ നടപടികളുടെ ഫലമായി ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ഇതിനകം ഉണ്ടായ ചെലവുകള്‍ വിലയിരുത്താന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നിര്‍ദേശം നല്കിക്കഴിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതും ഇറാന് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദം ഏല്‍പ്പിക്കുന്നുണ്ട്. നോബിടെക്സ് ഉള്‍പ്പെടെയുള്ള ഇറാന്റെ വലിയ ക്രിപ്റ്റോകറന്‍സി എക്സേഞ്ചുകളെയാണ് അമേരിക്ക ലക്ഷ്യം വച്ചിരിക്കുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥശ്രമങ്ങളുമായി പാകിസ്ഥാന് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നുള്ള ഉന്നത മന്ത്രി ശനിയാഴ്ച ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തി.
അതേസമയം ഇന്നലെ രാത്രിയും ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണമുണ്ടായി. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന് ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു. ഇറാന് -അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിലാണെന്നും യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്സിന്‍ റെസായ് പറഞ്ഞു.
