Business

വനിതകളുടെ ആരോഗ്യവും സാമ്പത്തിക സ്വാതന്ത്ര്യവും ലക്ഷ്യമിട്ട് സൈഡസ് പിങ്കത്തോൺ ജനുവരി 10ന്

കൊച്ചി : സ്ത്രീകളുടെ ശാരീരികക്ഷമത, സ്തനാർബുദ ബോധവൽക്കരണം, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സൈഡസ് പിങ്കത്തോണിന്റെ കൊച്ചി എഡിഷൻ 2027 ജനുവരി 10ന് നടക്കും. മ്യൂച്വൽ ഫണ്ട്സ് സഹി ഹേയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 12 നഗരങ്ങളിലെ പരിപാടികളുടെ ഭാഗമായ കൊച്ചിയിലെ ആദ്യ എഡിഷന്റെ പ്രഖ്യാപനം ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ നടന്നു. നടനും പിങ്കത്തോൺ സ്ഥാപകനുമായ മിലിന്ദ് സോമൻ, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. വി.പി.ഗംഗാധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സൈഡസിന്റെ സ്തനാർബുദ ബോധവൽക്കരണ സംരംഭമായ ‘ദ ഈസിയസ്റ്റ് എക്സാം’ വഴി സ്വയംപരിശോധനയുടെ പ്രാധാന്യം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, നേരത്തെയുള്ള രോഗനിർണയം എന്നിവ സംബന്ധിച്ച സന്ദേശങ്ങളും പ്രചരിപ്പിക്കും.

വിവിധ പ്രായക്കാരും വ്യത്യസ്ത ശാരീരികക്ഷമതയുള്ളവരുമായ സ്ത്രീകളെ ഒരുമിപ്പിക്കുന്ന പരിപാടിയിൽ മൂന്ന് കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയുള്ള മത്സരങ്ങളുണ്ടാകും. കാൻസർ അതിജീവിതർ, കാഴ്ചപരിമിതിയുള്ളവർ, കുഞ്ഞുങ്ങളെ ഒപ്പം വഹിച്ചെത്തുന്ന അമ്മമാർ, മുതിർന്ന വനിതകൾ, സാരിയിലും പരമ്പരാഗത വസ്ത്രങ്ങളിലും പങ്കെടുക്കുന്നവർ, ആദ്യമായി ഓട്ടത്തിൽ പങ്കെടുക്കുന്നവർ തുടങ്ങി എല്ലാവർക്കും അവസരമൊരുക്കുന്നതാണ് പിങ്കത്തോണിന്റെ പ്രത്യേകത. 10 കിലോമീറ്റർ വിഭാഗത്തെ ശോഭ വിശ്വനാഥും അഞ്ച് കിലോമീറ്റർ വിഭാഗത്തെ കാൻസർ അതിജീവിത കെ.കെ. അജിതകുമാരിയും മൂന്ന് കിലോമീറ്റർ വിഭാഗത്തെ നളിനി ആൻഡ്രേഡും പ്രതിനിധീകരിക്കും. 50, 75, 100 കിലോമീറ്റർ വിഭാഗങ്ങളുള്ള വനിതകൾക്കായുള്ള അൾട്രാ ഡിസ്റ്റൻസ് സംരംഭമായ ‘ഇൻവിൻസിബിൾ വിമൻ’ പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്.

സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിൽ സ്വയംപരിശോധനയ്ക്കുള്ള പ്രാധാന്യം
ഡോ.വി.പി.ഗംഗാധരൻ ചൂണ്ടിക്കാട്ടി. സ്ത്രീകൾ സ്വന്തം ആരോഗ്യത്തിനായി സമയം കണ്ടെത്തണമെന്നും സ്ഥിരമായി ഓടുന്നവരും ആദ്യമായി പങ്കെടുക്കുന്നവരും പരസ്പരം പിന്തുണച്ച് ഈ ആവേശം ജീവിതത്തിലും തുടരണമെന്നും മിലിന്ദ് സോമൻ പറഞ്ഞു. സ്തന സ്വയംപരിശോധനയെക്കുറിച്ചുള്ള അവബോധം ലളിതമായി ജനങ്ങളിലെത്തിക്കാനും നേരത്തെയുള്ള രോഗനിർണയത്തിനും വൈദ്യസഹായം തേടുന്നതിനും പ്രോത്സാഹനം നൽകാനാണ് സൈഡസ് പിങ്കത്തോണിലൂടെ ലക്ഷ്യമിടുന്നതെന്ന് സൈഡസ് ലൈഫ് സയൻസസ് മാനേജിങ് ഡയറക്ടർ ഡോ.ഷർവിൽ പട്ടേൽ വ്യക്തമാക്കി. സ്ത്രീകളുടെ സാമ്പത്തിക അവബോധവും സ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് മ്യൂച്വൽ ഫണ്ട്സ് സഹി ഹേ ഈ സംരംഭവുമായി കൈകോർക്കുന്നത്.

സൈഡസ് ലൈഫ് സയൻസസ് ടൈറ്റിൽ പങ്കാളിയും മ്യൂച്വൽ ഫണ്ട്സ് സഹി ഹേ അവതരണ പങ്കാളിയുമാണ്. ലോട്ടസ് സേഫ് സൺ (സൺസ്ക്രീൻ), മിൽട്ടൺ (ഡ്രിങ്ക്‌വെയർ), സിറോണ (ഹൈജീൻ), ടാറ്റ കോപ്പർ (ഹൈഡ്രേഷൻ), എനിടൈം ഫിറ്റ്നസ് (ഔദ്യോഗിക ജിം), ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി (ഹോസ്പിറ്റാലിറ്റി), എൻതൂസിയൻസ് (ഡിജിറ്റൽ) എന്നിവരാണ് മറ്റ് പങ്കാളികൾ. സ്മൈലിങ് ടൈഗർ എക്സ്പീരിയൻസസ് എൽഎൽപിയാണ് പരിപാടിയുടെ നിർവഹണം.