തിരുവനന്തപുരം ഡിസിസി യോഗത്തിൽ നേതാക്കളുടെ അസാന്നിധ്യം; രൂക്ഷവിമർശനവുമായി ദീപാദാസ് മുൻഷി
തിരുവനന്തപുരം: ഡൽഹി സമരത്തിന് മുന്നോടിയായി ചേർന്ന തിരുവനന്തപുരം ഡിസിസിയുടെ പ്രത്യേക യോഗത്തിൽ നേതാക്കൾ വിട്ടുനിന്നതിൽ അതൃപ്തി പരസ്യമാക്കി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ഡിസിസി പ്രസിഡന്റും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കാത്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. 24 ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തുപേർ മാത്രമാണ് യോഗത്തിനെത്തിയത്. നൂറിലധികം മണ്ഡലം കമ്മിറ്റികളിൽനിന്ന് പങ്കെടുത്തത് 30 പേർ മാത്രമായിരുന്നു. പ്രധാന നേതാക്കൾ ഉൾപ്പെടെ വിട്ടുനിന്നത് സംഘടനാപരമായ വീഴ്ചയാണെന്ന നിലപാടിലാണ് ദീപാദാസ് മുൻഷി.
ഡൽഹി സമരവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലെ കുറഞ്ഞ പങ്കാളിത്തം നേതൃത്വത്തിന് തിരിച്ചടിയായി. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത് അംഗീകരിക്കാനാകാത്ത വീഴ്ചയാണെന്ന് ദീപാദാസ് മുൻഷി വ്യക്തമാക്കി.
