World

മലേഷ്യയിലേക്കുള്ള വീസ ഇളവ് അവസാനിക്കുന്നു; 2027 ജനുവരി മുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വീസ നിർബന്ധം

ന്യൂഡൽഹി: മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന വീസരഹിത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കുന്നു. ഇതോടെ അടുത്ത വർഷം മുതൽ മലേഷ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ യാത്രയ്ക്ക് മുമ്പ് സാധുവായ വീസ നേടേണ്ടിവരും. മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

നിലവിലെ വ്യവസ്ഥ പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് വിനോദസഞ്ചാരം, ബിസിനസ്, സാമൂഹിക സന്ദർശനം, ട്രാൻസിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി പരമാവധി 30 ദിവസം വരെ വീസയില്ലാതെ മലേഷ്യയിൽ പ്രവേശിക്കാമായിരുന്നു. 2023 ഡിസംബർ ഒന്നിന് ആരംഭിച്ച ഈ ഇളവ് 2026 ഡിസംബർ 31 വരെ തുടരും. അതിനുശേഷം മലേഷ്യയിലെത്തുന്നവർക്ക് മുൻകൂട്ടി വീസ നിർബന്ധമാകും.

പുതിയ വ്യവസ്ഥ പ്രകാരം വീസയ്ക്കുള്ള അപേക്ഷകൾ 2026 ഡിസംബർ ഒന്ന് മുതൽ മലേഷ്യയുടെ ഔദ്യോഗിക MyVISA ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാം. അപേക്ഷ അംഗീകരിക്കപ്പെട്ടാലും നിരസിക്കപ്പെട്ടാലും അടച്ച പ്രോസസിങ് ഫീസ് തിരികെ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ പദ്ധതികളിൽ മാറ്റം വരികയോ സർക്കാർ വീസ നയത്തിൽ മാറ്റം വരുത്തുകയോ ചെയ്താലും ഫീസ് മടക്കിനൽകില്ല.

വീസയില്ലാത്ത പ്രവേശന സൗകര്യം ദുരുപയോഗം ചെയ്ത് ജോലി തേടുന്നതിനായി മലേഷ്യയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി നേരത്തെ ഇന്ത്യൻ ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിനോദസഞ്ചാരത്തിനും സാമൂഹിക സന്ദർശനങ്ങൾക്കുമായി അനുവദിച്ചിട്ടുള്ള ഇളവ് തൊഴിൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

മലേഷ്യയിൽ താമസിക്കുന്ന കാലയളവിലേക്കുള്ള യാത്രാ ആരോഗ്യ ഇൻഷുറൻസ് എടുക്കാനും വിദേശ സന്ദർശകരോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മലേഷ്യയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്ന ഇന്ത്യക്കാർ വീസ നടപടികൾ നേരത്തെ പൂർത്തിയാക്കേണ്ടിവരും.