KeralaTrending News

‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് നടപടി.പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. അനില്‍കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും.

കേസിന്റെ പുനരന്വേഷണത്തില്‍ പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. പ്രത്യേക അന്വേഷണ സംഘമല്ല ആരായാലും അന്വേഷണ റിപ്പോര്‍ട്ടില്ലാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. ശേഷം കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ വകുപ്പുകള്‍ ചേര്‍ത്ത റിപ്പോര്‍ട്ടാണ് എസ്ഐടിക്ക് ഇന്ന് സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങള്‍ പോലും കോടതിയെ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതും കോടതിയെ ഇന്ന് ചൊടിപ്പിച്ചു.

അതേസമയം, ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസിനു പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താന്‍ വിട്ടയക്കണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണം എഡിജിപി എംആര്‍ അജിത്ത് കുമാര്‍ തള്ളി. അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും തിരുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനോടകം എസ്ഐടിയ്ക്ക് നല്‍കിയ മൊഴി. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ ഡി ജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.