KeralaTrending News

മാസപ്പടി കേസ്: എഫ്ഐആറിന് മുൻപ് പ്രാഥമിക അന്വേഷണം വേണ്ടെന്ന് ഇഡി, സർക്കാർ നിലപാട് കോടതിയിൽ

കൊച്ചി: CMRL-Exalogic ഇടപാടുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തെളിവുകൾ മറ്റൊരു അന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച സാഹചര്യത്തിൽ വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നാണ് ഇഡിയുടെ നിലപാട്. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഎംഎൽഎ പ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയതെന്ന് ഇഡി കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം.

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണമെന്ന സർക്കാർ നിലപാടിനെയാണ് ഇഡി ചോദ്യം ചെയ്തത്. തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എഫ്ഐആറാണ് സുപ്രീംകോടതി നിർദേശിക്കുന്ന നടപടിയെന്നും ഇഡി വാദിച്ചു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് വാദം നടന്നത്. അതേസമയം, ഹർജിയെ സർക്കാർ എതിർത്തു. ഇത് പൊതുതാൽപര്യ ഹർജിയല്ലെന്നും ഹർജിക്കാരന് ചില പ്രത്യേക താൽപര്യങ്ങളുണ്ടെന്ന് തോന്നുന്നതായും സർക്കാർ വാദിച്ചു. ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥകളും ലളിതകുമാരി കേസിലെ സുപ്രീംകോടതി നിർദേശങ്ങളും അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ തുടർനടപടി തീരുമാനിക്കാനാകൂവെന്നും സർക്കാർ വ്യക്തമാക്കി.

നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. വാദം വിശദമായി കേൾക്കുന്നതിനായി കേസ് മാറ്റി. ഇഡി നൽകിയ കത്ത് സീൽഡ് കവറിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു.