ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും വർണാഭമായ ഓണം; ബോണസ് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണയും ഒരു ലക്ഷത്തിന് മുകളിൽ ബോണസ്. ജീവനക്കാർക്ക് പ്രഖ്യാപിച്ച പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധനവ്. എക്സൈസ് മന്ത്രി എം. ലിജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡ്വാൻസ് തുകയായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനമായി. എപ്ലോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി.
ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസായി 13,000 രൂപ ലഭിക്കും. കഴിഞ്ഞ വർഷവും ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഓണത്തിന് റെക്കോർഡ് ബോണസ് ലഭിച്ചിരുന്നു. സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് കഴിഞ്ഞ വർഷം നൽകിയത്.
