KeralaTrending News

കോൺഗ്രസിലേക്ക് ഇനി മടക്കമില്ല; സോണിയ ഗാന്ധിയുമായുള്ള വ്യക്തിബന്ധത്തിന് മാറ്റമില്ലെന്ന് കെ.വി. തോമസ്

കൊച്ചി: കോൺഗ്രസുമായി രാഷ്ട്രീയബന്ധം അവസാനിച്ചെങ്കിലും സോണിയ ഗാന്ധിയോടുള്ള വ്യക്തിബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ലെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. എന്നാൽ സോണിയ ഗാന്ധി നേരിട്ട് ക്ഷണിച്ചാൽ പോലും കോൺഗ്രസിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ച അനുഭവം പങ്കുവെച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം ആവർത്തിച്ചത്.

രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോൺഗ്രസ് വിടാൻ കാരണമായതെന്ന് കെ.വി. തോമസ് പറഞ്ഞു. എന്ത് തെറ്റിന്റെ പേരിലാണ് തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്ന് ഇപ്പോഴും അറിയില്ല. എഐസിസി അംഗമായിരുന്നിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അടുത്ത സുഹൃത്തായിരുന്ന പി.ടി. തോമസിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ പാർട്ടിയിലെ ഉത്തരവാദപ്പെട്ടവർ അനുവദിച്ചില്ല. അപ്പോഴാണ് കോൺഗ്രസിൽ തനിക്കുള്ള സ്ഥാനം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കുറിച്ചു.

പാർട്ടി വിടേണ്ടിവന്ന പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകിയത് ഇടതുപക്ഷ പ്രസ്ഥാനവും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.

സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ചത് ഹൃദ്യമായ അനുഭവമായിരുന്നുവെന്നും ഇന്ദിരാഗാന്ധിയുമായുള്ള കുടുംബജീവിതത്തിലെ ഓർമകൾ പുസ്തകത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോണിയയുമായി ഇപ്പോഴും കത്തിടപാടുകളും ബന്ധവും തുടരുന്നുണ്ട്. പുതിയ പുസ്തകത്തിൽ ഒപ്പിട്ട് നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ സോണിയ ഗാന്ധിക്ക് തുല്യമായി മറ്റാരെയും കണ്ടിട്ടില്ലെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു.