ചേരാനല്ലൂർ വാഹനാപകടം; ആർസി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ജഡ്ജി എംവിഡിക്ക് മറുപടി നൽകി
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ കാർ കൊണ്ടുപോയതെന്നും വാഹനത്തിന്റെ ആർസി റദ്ദാക്കരുതെന്നും ജഡ്ജി മറുപടിയിൽ ആവശ്യപ്പെട്ടു. മുൻ കോടതി ഉത്തരവുകളും മറുപടിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
വാഹനം തന്റെ പേരിലാണെങ്കിലും അപകടത്തിൽ തനിക്ക് പങ്കില്ലെന്നാണ് ജഡ്ജിയുടെ വിശദീകരണം. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആർസി റദ്ദാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമോപദേശം തേടിയശേഷം തുടർനടപടി തീരുമാനിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അതേസമയം, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും അത് ശരിവച്ച കുട്ടികളുടെ കോടതി ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്.
ഒക്ടോബർ 25നാണ് ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. തുടക്കത്തിൽ ദുർബലമായ വകുപ്പുകൾ ചുമത്തി പതിനേഴുകാരന് ജാമ്യം ലഭിച്ചതിനെതിരെ പ്രതിഷേധമുയർന്നതോടെ പിന്നീട് കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തി. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ നടത്തിയ ഇടപെടലും വിവാദമായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം കാരണം വീട്ടുകാരുടെ അറിവില്ലാതെ വാഹനവുമായി പുറത്തിറങ്ങിയതാണെന്നും മഴയും ഇരുട്ടും കാരണം സ്കൂട്ടർ കണ്ടില്ലെന്നുമായിരുന്നു പതിനേഴുകാരന്റെ മൊഴി.
