KeralaTrending News

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് കുറഞ്ഞത് 600 രൂപ, വില 1,00,320 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. വില തിരിച്ചുകയറുമെന്ന സൂചനകൾക്കിടെ വിപണിയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണുണ്ടായത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,320 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 12,540 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പവന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയെയും സ്വാധീനിക്കുന്നത്. ഡോളർ കൂടുതൽ കരുത്താർജിച്ചതും സ്വർണവില താഴാൻ കാരണമായ ഘടകങ്ങളിലൊന്നാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വലിയ അളവിൽ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽ രാജ്യാന്തര വിപണിയിലെ വിലയിലെ വ്യതിയാനങ്ങൾ ഇന്ത്യൻ വിപണിയെയും ബാധിക്കും. എന്നാൽ ആഗോള വിപണിയിൽ വില ഉയരുമ്പോഴെല്ലാം കേരളത്തിലും അതേ അനുപാതത്തിൽ വർധനയുണ്ടാകണമെന്നില്ല.