അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി; കരാർ വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിന് അതൃപ്തി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ചിരുന്ന 150 മെഗാവാട്ട് അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജമന്ത്രാലയം. നവംബർ 15ന് അവസാനിക്കാനിരുന്ന കാലാവധി കേരളത്തിന്റെ അഭ്യർഥന പരിഗണിച്ചാണ് നീട്ടിയത്. സെപ്റ്റംബറിലുണ്ടായ വൈദ്യുതി പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്രം അധിക വിഹിതം അനുവദിച്ചുതുടങ്ങിയത്.
അതേസമയം, വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വകുപ്പ് മന്ത്രി സണ്ണി ജോസഫ് അതൃപ്തി പരസ്യമാക്കി. കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തെ മാറ്റിയതും മഹാരാഷ്ട്രയിലെ സിന്നാറിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനവും തന്നെ അറിയിക്കാതെയാണ് നടപ്പാക്കിയതെന്നാണ് മന്ത്രിയുടെ പരാതി. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ചതിലും മന്ത്രിക്ക് നീരസമുണ്ടെന്നാണ് സൂചന.
ഹിമാചലിൽ നിന്നും ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി വിവാദത്തിലായിരുന്നു. ഇരിടങ്ങളിൽ നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വിവാദം അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പിന്നാലെ മാധ്യമങ്ങളെ കണ്ട സണ്ണി ജോസഫ് തന്റെ അതൃപ്തി തുറന്നുപറഞ്ഞു. സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് നേരത്തെ യുഡിഎഫ് കൺവീനറും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രിയും അതൃപ്തി അറിയിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി രാജമാണിക്യം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്. റിപ്പോർട്ടിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ചിലരുടെ താൽപര്യങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
