KeralaTrending News

ഗ്യാനേഷ് കുമാറിനെതിരായ രണ്ടാമത്തെ പരാതിയിലും വിജിലൻസ് അന്വേഷണം; പ്രത്യേക സംഘത്തിന് ചുമതല

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങളിൽ രണ്ടാമത്തെ കേസിലും വിജിലൻസ് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കരാറുകാരനായ വി.ഒ. സാജൻ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഗ്യാനേഷ് കുമാറിനെതിരായ ആദ്യ കേസിന്റെ അന്വേഷണവും ഇമ്മാനുവൽ പോളിനായിരുന്നു.

സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഇന്നലെ ഉത്തരവിട്ടിരുന്നു. കെ.എസ്.ടി.പി റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. 2007ൽ രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം വീണ്ടും ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ നിർമാണ ബില്ലുകൾ അനുവദിച്ചുനൽകുന്നതിന് ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ ആവശ്യപ്പെട്ടതായി ലീ സീ ബെൻ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ കാരണമില്ലാതെ തടഞ്ഞുവെച്ചതായും പരാതിയിൽ ആരോപിക്കുന്നു. ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അന്നത്തെ വിജിലൻസ് അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്തിരുന്നില്ല.