ചേരാനല്ലൂർ അപകടക്കേസ്: ജഡ്ജിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ്; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
എറണാകുളം: ചേരാനല്ലൂർ ബെൻസ് വാഹനാപകടക്കേസിൽ പ്രതിയായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് പ്രോസിക്യൂട്ടർക്ക് റിപ്പോർട്ട് നൽകി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. അതേസമയം, തെളിവ് നശിപ്പിക്കാൻ ജഡ്ജി ശ്രമിച്ചെന്ന ജയപാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ക്രൈംബ്രാഞ്ച് ഉടൻ മൊഴി രേഖപ്പെടുത്തും. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർനടപടി.
അപകടത്തിൽ മരിച്ച 17കാരന്റെ പേരും ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചതിന് സൈബർ പൊലീസ് കേസെടുത്തു. 18ഓളം പേർക്കെതിരെയാണ് നടപടി. അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ജഡ്ജിക്കെതിരായ കുടുംബത്തിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
