KeralaTrending News

ചേരാനല്ലൂർ വാഹനാപകടം; അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ്. അഡീഷണൽ ജഡ്ജിയുടെ മകനായ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തതായും തുടർനടപടികൾ മജിസ്‌ട്രേറ്റിന്റെ തീരുമാനപ്രകാരമായിരിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും ചേർന്ന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസിന്റെ വിശദീകരണം.

പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റണോ ബന്ധുക്കൾക്കൊപ്പം വിടണോ എന്നതിൽ മജിസ്‌ട്രേറ്റിന് തീരുമാനമെടുക്കാം. പ്രായപൂർത്തിയാകാത്ത കുട്ടിയെ രാത്രി കസ്റ്റഡിയിലെടുത്താൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ഉൾപ്പെട്ട ബെൻസ് കാറിന്റെ ആർസി ഉടമയ്‌ക്കെതിരെയും നിയമപ്രകാരം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്.