KeralaTrending News

മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

ഡൽഹി: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീംകോടതിയുടെ ഇടപെടൽ. കേസിൽ അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ കോടതി തടഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ ആവശ്യമായ അനുമതിയില്ലാത്ത സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, എഫ്‌ഐആർ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. ഒറ്റ ദിവസംകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ സുപ്രീംകോടതി വിമർശിച്ചു. കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുന്ന കാര്യവും കോടതി വാക്കാൽ നിരീക്ഷിച്ചു.

സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്താൻ തയ്യാറായിരുന്നെങ്കിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. പിണറായി വിജയനും റിയാസും ഉൾപ്പെടെയുള്ളവരാണ് പിന്നീട് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ പിണറായി വിജയന് അനുകൂലമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം പുറത്തുവന്നത്.

അതേസമയം, വെള്ളിയാഴ്ച ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയനോട് നിർദേശിച്ചിട്ടുണ്ട്. ഇഡി രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന സിപിഎമ്മിന്റെ വാദത്തിന് സുപ്രീംകോടതിയുടെ ഇടപെടൽ കൂടുതൽ കരുത്തേകുമെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ. സുപ്രീംകോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു പിണറായി വിജയൻ നേരത്തേ അറിയിച്ചിരുന്നത്.