NationalTrending News

ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിന്? തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രത്യുപകാരമോയെന്ന് സിജെപി നേതാവ്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും സംരക്ഷിക്കുന്നതെന്തിനെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ ചോദിച്ചു. തിരഞ്ഞെടുപ്പിൽ മോദിക്ക് വിജയം നേടിക്കൊടുത്തതിന്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഒരു പാർട്ടിയുടെ ആധിപത്യം സ്ഥാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രതിഷേധങ്ങളെ സർക്കാർ ഭയപ്പെടുകയാണെന്നും ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്രം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതെന്നും പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങിയവർക്കെതിരായ നടപടികളും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായും ദീപ്കെ കുറ്റപ്പെടുത്തി. ദേശീയ പതാകയെക്കാൾ ഗ്യാനേഷ് കുമാറിന് മോദി പ്രാധാന്യം നൽകുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ദേശീയ പതാകയെ അപമാനിക്കുകയാണെന്ന് നേതാവ് ഐഷി ഘോഷ് ആരോപിച്ചു. ജനാധിപത്യത്തെ ദുർബലപ്പെടുത്തി ഏകാധിപത്യ പ്രവണതകൾ തുടരുകയാണെന്നും അവർ പറഞ്ഞു. വോട്ട് കൊള്ളയിലൂടെ അധികാരത്തിലെത്തിയവർക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസ്സിലാകില്ലെന്നും ദേശീയ പതാകയേന്തി ഒറ്റക്കെട്ടായി പോരാട്ടം തുടരണമെന്നും ഐഷി ഘോഷ് ആഹ്വാനം ചെയ്തു.

ഇത് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണെന്ന് എഐഎസ്എഫ് നേതാവ് വിരാജ് പറഞ്ഞു. ദേശീയ പതാക ഉയർത്തിയവരെ തന്നെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹി പൊലീസ് നടത്തിയ അതിക്രമം രാജ്യത്തിന് അപമാനമാണെന്ന് ASAP നേതാവ് ഇഷ്ണ ഗുപ്തയും ആരോപിച്ചു. പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.