ഹൂതികൾക്കെതിരായ സൈനിക നീക്കത്തിൽ ഇസ്രയേലിന്റെ സഹായം വേണ്ടെന്ന് സൗദി; നെതന്യാഹുവിന്റെ നിർദേശം തള്ളി
റിയാദ്: യമനിലെ ഹൂതി പ്രസ്ഥാനത്തിനെതിരായ സൈനിക നീക്കത്തിൽ പങ്കുചേരാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിരസിച്ചതായി റിപ്പോർട്ട്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേൽ മുന്നോട്ടുവെച്ച നിർദേശം സൗദി നേതൃത്വം തള്ളിയെന്നാണ് ഇസ്രയേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലിന്റെ സൈനിക സഹായം സ്വീകരിച്ചാൽ സൗദിയിൽ പൊതുജന പ്രതിഷേധം ശക്തമാകുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടിലെ സൂചന. യമനിൽനിന്നുള്ള ഹൂതി ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലും പ്രാദേശിക സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ച് ഇസ്രയേലുമായി സൈനിക സഹകരണത്തിന് സൗദി തയാറായില്ലെന്നാണ് വിവരം.
സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും പശ്ചിമേഷ്യയിൽ സ്വാധീനം വർധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് നെതന്യാഹു നിർദേശം മുന്നോട്ടുവെച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന നിലപാടിൽ സൗദി ഉറച്ചുനിൽക്കുകയാണ്. പലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റാതെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ കഴിയില്ലെന്ന സന്ദേശമാണ് റിയാദിന്റെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.
