ഡൽഹിയെ ജയിലാക്കി; ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, പൊലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ ഗാന്ധി
ഡൽഹി: ഡൽഹിയിൽ പൊലീസ് നടത്തിയ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയെ എന്തിനാണ് ജയിലാക്കി മാറ്റിയതെന്ന് ചോദിച്ച അദ്ദേഹം, നഗരം പൊലീസ് കോട്ടയാക്കിയിരിക്കുകയാണെന്നും ആരോപിച്ചു. ആർഎസ്എസ് പ്രവർത്തകർ സ്ത്രീകളെ ആക്രമിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. സംഭവത്തിൽ നീതി തേടി സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉന്നയിച്ചു.
ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും രാഹുൽ പറഞ്ഞു. എന്തുകൊണ്ടാണ് ഗ്യാനേഷ് കുമാർ രാജിവയ്ക്കാത്തതെന്നും അദ്ദേഹത്തെ എത്രകാലം സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. കാലം കണക്കുചോദിക്കുമെന്നും ഭരണഘടന സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അഞ്ച് പേരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്നും ഇത് ഒരു ദിവസത്തെ പോരാട്ടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ, തിരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) തുടങ്ങിയ സംവിധാനങ്ങളിൽ നിന്നെല്ലാം വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങളുടെ രൂപരേഖ തങ്ങളുടെ പക്കലുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
ഉച്ചയ്ക്ക് 1.30ന് സിപി–ബറാഖംബ ജംഗ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കുമെന്നും വൈകിട്ട് മൂന്നിന് ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും പോരാട്ടത്തിന് പിന്തുണ നൽകണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ പോരാട്ടം തുടരുമെന്നും ഏത് രീതിയിലും പിന്തുണ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
