അഞ്ചാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺഫെബ്രുവരി 14ന്
കൊച്ചി: കായിക കേരളത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 14 ന് നടക്കും. മാരിയറ്റ് ഹോട്ടലിൽ നടന്ന ഔദ്യോഗിക ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. ആരോഗ്യവും ലക്ഷ്യബോധവും മുൻനിർത്തി മൂവ് വിത്ത് പർപ്പസ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അഞ്ചാം പതിപ്പ് ഒരുങ്ങുന്നത്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ കൊച്ചി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട നഗരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജനപങ്കാളിത്തം ഓരോ വർഷവും വർദ്ധിച്ചുവരുന്നതിനാൽ ഭാവിയിൽ ഇതിലും വലിയൊരു വേദി കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തോൺ കൊച്ചി കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് നടക്കുന്നത്. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നല്ല കാര്യങ്ങൾ സ്വയം ഏറ്റെടുക്കുന്ന നഗരമാണ് കൊച്ചിയെന്നും മേയർ അഡ്വ. വി.കെ മിനിമോൾ പറഞ്ഞു. മാരത്തണിന് ഫെഡറൽ ബാങ്ക് നൽകുന്ന പിന്തുണ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണെന്ന് ഫെഡറൽ ബാങ്ക് സോണൽ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ സി.എം. ശശിധരൻ പറഞ്ഞു. തുടർച്ചയായി അഞ്ചാം തവണയും മാരത്തണിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ മാരത്തൺ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു. ആദ്യ പതിപ്പ് മാരത്തൺ ഗുഡ്‌വിൽ അംബാസിഡർ പ്രാചി തെഹ്‌ലാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് കൈമാറി. 42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണിൽ പങ്കെടുക്കാനായി www.kochimarathon.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 15 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീസിൽ 10 ശതമാനം ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. 2026 ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് വിദർശ കെ. വിനോദ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ടി ജയചന്ദ്രൻ, ആസ്റ്റർ മെഡ്സിറ്റി ബ്രാൻഡിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഹെഡ് ഹഫീസ് ഹസൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ നായർ,എംആർകെ ജയറാം, മാരത്തൺ റേസ് ഡയറക്ടർ ആനന്ദ് മെനേസസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
