World

ന്യൂട്രിനോ നിരീക്ഷണത്തിന് നിർണായക സംഭാവന; ഭൗതികശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൽസെന്

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബെൽജിയം-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ പ്രഫ. ഫ്രാൻസിസ് ഹാൽസെന്. അന്റാർട്ടിക്കയിലെ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി വികസിപ്പിച്ചതിനും പ്രപഞ്ചത്തിൽനിന്നുള്ള ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളെ കണ്ടെത്തുന്നതിന് വഴിയൊരുക്കിയതിനുമാണ് പുരസ്കാരം. അന്റാർട്ടിക്കയിലെ ഏകദേശം ഒരു ഘന കിലോമീറ്റർ വിസ്തൃതിയുള്ള മഞ്ഞുപാളിക്കുള്ളിലേക്ക് ആയിരക്കണക്കിന് പ്രകാശ സെൻസറുകൾ ഘടിപ്പിച്ച കേബിളുകൾ സ്ഥാപിച്ചാണ് ഐസ്ക്യൂബ് നിരീക്ഷണകേന്ദ്രം പ്രവർത്തിക്കുന്നത്. നക്ഷത്ര സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള അതിശക്തമായ പ്രാപഞ്ചിക പ്രതിഭാസങ്ങളിൽനിന്ന് പുറപ്പെടുന്ന ന്യൂട്രിനോകളെ കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

2011ൽ നിർമ്മാണം പൂർത്തിയാക്കിയ ഐസ്ക്യൂബ് 2013ലാണ് പ്രപഞ്ചത്തിൽനിന്നുള്ള ന്യൂട്രിനോകളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. സാധാരണ പ്രകാശത്തെ തടയുന്ന ബഹിരാകാശത്തിലെ പൊടിപടലങ്ങൾക്കും മറ്റ് പ്രതിബന്ധങ്ങൾക്കും അപ്പുറത്തുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ നിരീക്ഷണകേന്ദ്രം ശാസ്ത്രജ്ഞർക്ക് പുതിയ സാധ്യത തുറന്നു. 1988ൽ തന്നെ അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിൽ ന്യൂട്രിനോകളെ നിരീക്ഷിക്കാനുള്ള ആശയം ഹാൽസെൻ മുന്നോട്ടുവച്ചിരുന്നു. നിലവിൽ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

ചാർജില്ലാത്തതും സാധാരണ ദ്രവ്യവുമായി വളരെ അപൂർവമായി മാത്രമേ പ്രതിപ്രവർത്തിക്കാറുള്ളതുമായ കണങ്ങളാണ് ന്യൂട്രിനോകൾ. സൂര്യനിൽനിന്നും നക്ഷത്രങ്ങളിൽനിന്നുമെല്ലാം കോടിക്കണക്കിന് ന്യൂട്രിനോകൾ ഓരോ സെക്കൻഡിലും ഭൂമിയിലൂടെയും മനുഷ്യശരീരത്തിലൂടെയും കടന്നുപോകുന്നുണ്ട്. ദ്രവ്യവുമായി വളരെ കുറച്ച് മാത്രമേ ഇവ പ്രതിപ്രവർത്തിക്കൂ എന്നതിനാൽ ന്യൂട്രിനോകളെ ‘ഭൂതകണങ്ങൾ’ എന്നും വിളിക്കാറുണ്ട്. ന്യൂട്രിനോകൾ അന്റാർട്ടിക്കയിലെ മഞ്ഞിലുള്ള ആറ്റങ്ങളുമായി അപൂർവമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന നീലപ്രകാശത്തിന്റെ മിന്നലുകളാണ് ഐസ്ക്യൂബിലെ സെൻസറുകൾ രേഖപ്പെടുത്തുന്നത്. ഈ വിവരങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ പ്രപഞ്ചത്തിലെ വിവിധ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്നത്.

സാധാരണ ടെലിസ്കോപ്പുകൾക്ക് നിരീക്ഷിക്കാൻ കഴിയാത്ത പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിലേക്ക് പുതിയൊരു ജാലകം തുറക്കുന്നതാണ് ഹാൽസെന്റെയും അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെയും പ്രവർത്തനമെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. ഫ്രാൻസിസ് ഹാൽസെനും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഘവും പ്രപഞ്ചപഠനത്തിന് മികച്ചൊരു ഉപകരണം ശാസ്ത്രലോകത്തിന് സമ്മാനിച്ചെന്ന് നൊബേൽ ഫിസിക്സ് കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്സ് പറഞ്ഞു. ഹാൽസെന്റെ ശാസ്ത്രീയ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുമാണ് ജ്യോതിശാസ്ത്ര ഗവേഷണത്തിൽ പുതിയ വഴിതുറന്നതെന്നും അക്കാദമി വ്യക്തമാക്കി. ഈ വർഷത്തെ നൊബേൽ പുരസ്കാര പരമ്പരയിൽ രസതന്ത്രത്തിനും സാഹിത്യത്തിനുമുള്ള പുരസ്കാരങ്ങൾ പിന്നാലെ പ്രഖ്യാപിക്കും. സമാധാനത്തിനും സാമ്പത്തികശാസ്ത്രത്തിനുമുള്ള പുരസ്കാരങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.