ഐഎസ്എൽ മത്സരങ്ങൾ ഇനി യൂട്യൂബിലും സൗജന്യം; സോണി സ്പോർട്സിലും സോണി ലിവിലും തത്സമയം
മുംബൈ: 2026-27 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരാധകർക്ക് ഇനി കൂടുതൽ സൗകര്യത്തോടെ കാണാം. എല്ലാ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി തത്സമയം ലഭ്യമാക്കുമെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. ടെലിവിഷൻ സംപ്രേഷണം സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെയും ഡിജിറ്റൽ സ്ട്രീമിങ് സോണി ലിവിലൂടെയും നടക്കും. പുതിയ പങ്കാളിത്തത്തോടെ സബ്സ്ക്രിപ്ഷൻ ഇല്ലാതെയും ആരാധകർക്ക് ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിലൂടെ തത്സമയം കാണാനാകും. മത്സരങ്ങൾക്ക് പുറമെ ഹൈലൈറ്റുകൾ, ഷോർട്സ്, താരങ്ങളുമായുള്ള അഭിമുഖങ്ങൾ, മത്സരത്തിന് പിന്നിലെ വിശേഷങ്ങൾ, വിശകലനങ്ങൾ തുടങ്ങിയവയും യൂട്യൂബിലൂടെ ലഭ്യമാകും.
2026-27 സീസണിൽ 13 ടീമുകളാണ് മത്സരിക്കുന്നത്. ആകെ 163 മത്സരങ്ങളാണ് സീസണിലുള്ളത്. ഇതിൽ ആദ്യഘട്ടത്തിലെ 78 മത്സരങ്ങൾ ഒക്ടോബർ 10 മുതൽ ജനുവരി 17 വരെയാണ് നടക്കുക. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 53 മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഈ സീസണിൽ പുതിയ മത്സരങ്ങളും വേദികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചർച്ചിൽ ബ്രദേഴ്സും എഫ്സി ഗോവയും തമ്മിലുള്ള ആദ്യ ഐഎസ്എൽ ഗോവ ഡെർബിയാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. കൂടാതെ ഇംഫാലിലേക്കും ഐഎസ്എൽ എത്തും. നവംബർ 24ന് ഖുമാൻ ലാംപക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും സ്പോർട്ടിങ് ക്ലബ് ഡൽഹിയും ഏറ്റുമുട്ടും.
യൂട്യൂബ്, സോണി സ്പോർട്സ് നെറ്റ്വർക്ക്, സോണി ലിവ് എന്നിവയിലൂടെയുള്ള സംപ്രേഷണ സംവിധാനം രാജ്യത്തുടനീളമുള്ള ഫുട്ബോൾ ആരാധകർക്ക് ഐഎസ്എൽ പിന്തുടരാൻ കൂടുതൽ അവസരമൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
