ഗ്യാനേഷ് കുമാറിനെതിരെ മറ്റൊരു ആരോപണം; എസ്‌സി/എസ്‌ടി കോർപ്പറേഷൻ ഇടപാടിൽ നടപടി ശിപാർശ
തിരുവനന്തപുരം: എസ്‌സി/എസ്‌ടി വികസന കോർപ്പറേഷൻ എംഡിയായിരിക്കെ ഗ്യാനേഷ് കുമാർ നടത്തിയ ഇടപാടിലും ക്രമക്കേട് ആരോപണം. കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടർന്ന് വകുപ്പ് തല നടപടി ശിപാർശ ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വിവരം. 2022ൽ അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് കൈമാറിയ ഫയലിലാണ് തുടർനടപടി ഉണ്ടായില്ലെന്ന് ആരോപണം ഉയരുന്നത്. 1992-93 കാലയളവിൽ നടന്ന 9,06,783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന് കീഴിൽ കോമേഴ്‌സ്യൽ സെന്റർ സ്ഥാപിക്കുന്നതിനായി ഒരു പേപ്പർ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ടതാണ് നടപടി.
കരാർ വ്യവസ്ഥ പ്രകാരം കമ്പനിക്ക് ആകെ തുകയുടെ 25 ശതമാനം മാത്രമാണ് മുൻകൂറായി നൽകേണ്ടിയിരുന്നത്. എന്നാൽ ഈ വ്യവസ്ഥ മറികടന്ന് കരാർ തുകയുടെ 90 ശതമാനവും അഡ്വാൻസായി നൽകിയെന്നാണ് കണ്ടെത്തൽ. പിന്നീട് കരാർ പ്രകാരം കമ്പനി ഇലക്ട്രോണിക് ഉപകരണങ്ങൾ കോർപ്പറേഷന് കൈമാറിയില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഇതുവഴി കോർപ്പറേഷന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അന്നത്തെ എംഡിയായിരുന്ന ഗ്യാനേഷ് കുമാറിനും പ്രോജക്ട് ഓഫീസറായ ബാലഭാസ്‌കറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ശിപാർശയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഗ്യാനേഷ് കുമാറിനെതിരെ നടപടി ശിപാർശ ചെയ്തുകൊണ്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി എത്തിയത്. 2022ൽ മന്ത്രി കെ. രാധാകൃഷ്ണൻ നടപടി ആവശ്യപ്പെട്ട് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലിൽ പിന്നീട് തുടർനടപടിയുണ്ടായില്ലെന്നാണ് ആരോപണം. നടപടി ശിപാർശ ചെയ്ത റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ഫയൽ മുന്നോട്ടുപോകാതിരുന്നതിന്റെ കാരണം സംബന്ധിച്ചും ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
