KeralaNationalTrending News

ഗ്യാനേഷ് കുമാർ ‘നമ്പർ വൺ ക്രിമിനൽ’; രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്തക്കരാർ ഏറ്റെടുത്തെന്ന് കെ.സി. വേണുഗോപാൽ

കോഴിക്കോട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെ രാജ്യത്തെ ഏറ്റവും വലിയ ‘യൂദാസ്’ എന്നും ‘നമ്പർ വൺ ക്രിമിനൽ’ എന്നും വിശേഷിപ്പിച്ച കെ.സി. വേണുഗോപാൽ, രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്തക്കരാർ ഏറ്റെടുത്തയാളായി അദ്ദേഹം മാറിയെന്ന ആരോപണവും ഉന്നയിച്ചു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ 24 മണിക്കൂറും ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനാധിപത്യം ഇല്ലാതായാൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ വിഷയത്തിൽ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച നടത്തിയതിന്റെ ഫലമായാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന ആരോപണവും കെ.സി. വേണുഗോപാൽ ഉന്നയിച്ചു. വോട്ട് ചോർച്ചയ്ക്കും ജനാധിപത്യ കൊള്ളയ്ക്കും ചുക്കാൻ പിടിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംസ്ഥാനമായ കേരളത്തിലേക്ക് അമിത് ഷാ എത്തുമ്പോൾ, ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് മറുപടി പറയണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഒടുവിൽ നീതിക്ക് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വോട്ടർപട്ടികയുടെ നേരിട്ടുള്ള ആക്സസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കാണെന്നും, ഇഷ്ടമുള്ളവരെ ഉൾപ്പെടുത്താനും ഒഴിവാക്കാനും കഴിയുന്ന സാഹചര്യമാണെന്നുമുള്ള ആരോപണവും കെ.സി. വേണുഗോപാൽ ഉന്നയിച്ചു. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാപരമായ സ്ഥാപനമാണ്; ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ തുടങ്ങിയ തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടവും നിയന്ത്രണവും കമ്മിഷനാണ് നിർവഹിക്കുന്നത്.