സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം വേണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്ന സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത കൂടുതലുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പരമാവധി പകൽസമയത്തേക്ക് മാറ്റണമെന്ന് സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചു. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയത്തേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. സർക്കാർ ഓഫീസുകളിലും വൈദ്യുതി ഉപഭോഗം കുറയ്ക്കണം. എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായി ക്രമീകരിക്കണമെന്നും അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതോറിറ്റികളുടെ പമ്പിങ് പ്രവർത്തനങ്ങളും പകൽസമയത്ത് മാത്രമായി ക്രമീകരിക്കണമെന്നാണ് നിർദേശം. ഇന്നലെ രാത്രി സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭിച്ചതിനാൽ രാത്രി ഒമ്പതിന് ശേഷം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇന്നും നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. അതേസമയം, വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഇന്ന് മുതൽ 200 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാകും. വൈകിട്ട് ആറുമുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്താണ് ഈ വൈദ്യുതി ലഭിക്കുക. ഒക്ടോബർ 31 വരെ വൈദ്യുതി ലഭിക്കുന്ന തരത്തിലാണ് കരാർ. യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. അന്തരീക്ഷ താപനില കുറഞ്ഞതും മഴ ലഭിച്ചതും വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും ഉയർന്ന വൈദ്യുതി ആവശ്യകത തുടരുന്നതിനാൽ പീക്ക് സമയത്തെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ നിർദേശം.
