സ്വകാര്യ നിക്ഷേപങ്ങൾ വരട്ടെ, തൊഴിലാളി താൽപര്യങ്ങൾ സംരക്ഷിക്കും; ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ നിക്ഷേപം വരണമെന്നും എന്നാൽ തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു സംരംഭവും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ സ്വകാര്യ സംരംഭകർ തയാറായി മുന്നോട്ടുവരുന്നുണ്ടെന്നും അവരുമായി സർക്കാർ ചർച്ച നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുടെ നിക്ഷേപം സംസ്ഥാനത്തിന് ആവശ്യമാണെന്നും എന്നാൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും ഇത്തരം സംരംഭങ്ങൾ നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലേബർ കോഡ് നടപ്പാക്കുമെന്നും അതിന് ഐഎൻടിയുസിയുടെ നിർദേശങ്ങൾ കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളിവിരുദ്ധ നിലപാട് സർക്കാർ ഒരിടത്തും സ്വീകരിക്കില്ല. ഏത് തൊഴിൽ നിയമം വന്നാലും അത് തൊഴിലാളികൾക്ക് വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമ്പത്ത് ചോർത്തിയെടുക്കാൻ അനുവദിക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയെ സ്വതന്ത്രമായി നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമാണെന്ന പേരിൽ സ്ഥാപനത്തിന്റെ സമ്പത്ത് ഊറ്റിക്കുടിക്കാൻ അനുവദിക്കില്ലെന്നും സ്ഥാപനം നന്നായി മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിയുടെ കഴിഞ്ഞ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിച്ചിരുന്നില്ലെന്നും സംഘാടകർ നേരിടുന്ന പ്രയാസങ്ങൾ തനിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ യോഗം താൻ തന്നെയാണ് സംഘാടകരോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
