ഒരൊറ്റ രൂപ പോലും വകയിരുത്തിയില്ല; ലോക കേരളസഭയ്ക്ക് ഫുൾസ്റ്റോപ്പ്
തിരുവനന്തപുരം: ലോക കേരളസഭയുടെ ആറാം എഡിഷൻ മുൻ എൽഡിഎഫ് സർക്കാരിന്റെ മാതൃകയിൽ നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ആറാം ലോക കേരളസഭയ്ക്കായി സർക്കാർ ബജറ്റിൽ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഓഫീസ് നടത്തിപ്പിനുള്ള ഭരണപരമായ ചെലവുകൾക്കും നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്.
പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രധാന പരിഗണനയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷത്തായിരുന്ന കാലത്ത് ലോക കേരളസഭയ്‌ക്കെതിരെ വി.ഡി. സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
