KeralaTrending News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗതനിയമം ലംഘിച്ചു; വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ വി.വി.ഐ.പി. ഗതാഗത ക്രമീകരണങ്ങൾ ലംഘിച്ചതിനെ തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കേരള സായുധ വനിതാ പൊലീസ് ബറ്റാലിയൻ അംഗം ആര്യ എസ്. ആണ് നടപടി നേരിട്ടത്. അച്ചടക്കസേനയിലെ അംഗമെന്ന നിലയിൽ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എൻഡിപിഎസ് കേസിൽ പ്രതിയായ രാകേഷ് എന്നയാളോടൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതായും റിപ്പോർട്ടിലുണ്ട്.

ഓഗസ്റ്റ് 31ന് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ലോക്ഭവൻ മുതൽ വിമാനത്താവളം വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 7.56ഓടെ വി.വി.ഐ.പി. യാത്രയ്ക്ക് മിനിറ്റുകൾ മാത്രം ശേഷിക്കെ, പൊലീസ് വിലക്കുകൾ മറികടന്ന് വിപരീത ദിശയിൽ ഇരുചക്രവാഹനത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തെന്നാണ് കണ്ടെത്തൽ. ട്രാഫിക്, മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെയുള്ള ഉദ്യോഗസ്ഥയുടെ നടപടി പരിഭ്രാന്തിക്ക് ഇടയാക്കിയെന്നും പൊലീസ് സേനയ്ക്ക് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.