വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി; അടിയന്തര പരിഗണന തേടി കേരളം സുപ്രീംകോടതിയിൽ
ഡൽഹി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, 2014ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രത്യേക അപേക്ഷ സമർപ്പിച്ചു. കരാർ റദ്ദാക്കിയതിലൂടെ കേരളത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും സർക്കാർ അപേക്ഷയിൽ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വൈദ്യുതി കരാറുകൾ റദ്ദാക്കാൻ കമ്മീഷൻ നടപടി സ്വീകരിച്ചത്.
കരാറുകൾ റദ്ദാക്കിയതോടെ കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നെന്നും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. കരാറുകൾ അന്തിമമാക്കുന്നതിന് മുമ്പ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി നേടിയിരുന്നില്ല. ലേല നടപടികളിലെ പിഴവുകളും ടെൻഡർ വിഭജനത്തിലെ സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. 2023 മേയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ കരാറുകൾ റദ്ദാക്കിയത്. ജാബുവ പവർ ലിമിറ്റഡിൽനിന്ന് യൂണിറ്റിന് 4.15 രൂപ നിരക്കിൽ 115 മെഗാവാട്ടും ജാബുവ–ജിൻഡൽ പവർ ലിമിറ്റഡ്, ജിൻഡൽ തെർമൽ പവർ ലിമിറ്റഡ് കമ്പനികളിൽനിന്നായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 350 മെഗാവാട്ടും ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറുകളായിരുന്നു ഇവ.
