യുക്രെയ്നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിലെ ക്രൈവി റിഹിൽ പ്രവാസി ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ സ്റ്റീൽ പ്ലാന്റിനുനേരെ റഷ്യൻ മിസൈൽ ആക്രമണം. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രൈവി റിഹിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നാണ് ആർസലർ മിത്തൽ പ്ലാന്റ്. ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കും ബ്ലാസ്റ്റ് ഫർണസുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. റഷ്യയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ നൂറുകണക്കിന് ഡ്രോൺ ആക്രമണങ്ങൾക്കു മറുപടിയായാണ് റഷ്യ മിസൈൽവർഷം നടത്തിയത്. രാജസ്ഥാൻ സ്വദേശിയായ ലക്ഷ്മി എൻ. മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ നിർമാണ കമ്പനിയാണ്. 2006ൽ മിത്തൽ സ്റ്റീൽ യൂറോപ്യൻ വ്യവസായ ഭീമനായ ആർസലറുമായി ലയിച്ചതോടെയാണ് ആർസലർ മിത്തൽ രൂപംകൊണ്ടത്.
