ഫിഫ ലോകകപ്പ് ഫൈനലിലെ റഫറി സ്ലാവ്കോ വിൻസിച്ച് ഔദ്യോഗികമായി വിരമിച്ചു
ലണ്ടൻ: സ്പെയിനും അർജന്റീനയും തമ്മിലേറ്റുമുട്ടിയ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ച സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ച് അന്താരാഷ്ട്ര റഫറിയിംഗിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനൽ പോരാട്ടമാണ് അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ മത്സരം. വിരമിക്കൽ വേളയിൽ മികച്ച അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അദ്ദേഹത്തെ ലോകകപ്പിലെ മികച്ച റഫറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പുറമെ കായിക ലോകത്തെ പ്രശസ്തമായ ഗ്യൂലിയോ കാമ്പനാറ്റി പുരസ്കാരവും വിൻസിച്ചിന് ലഭിച്ചു.
46-കാരനായ വിൻസിച്ച് 2022 ലെ ഖത്തർ ലോകകപ്പിലൂടെയാണ് സീനിയർ ഫിഫ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത്. അർജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ച മത്സരം ഉൾപ്പെടെ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, യുവേഫ യൂറോപ്യൻ ലീഗ്, യുവേഫ നേഷൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയ മുൻനിര ടൂർണമെന്റുകളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.
2017-ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ-17 ലോകകപ്പ്, പോളണ്ടിൽ നടന്ന യുവേഫ അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 2019-ലെ ഫിഫ അണ്ടർ-20 ലോകകപ്പ് എന്നിവയിലും അദ്ദേഹം റഫറിയായി പ്രവർത്തിച്ചിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച റഫറിമാരുടെ നിരയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് സ്ലാവ്കോ വിൻസിച്ച് കളിക്കളത്തോട് വിടപറയുന്നത്.
