പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസറുടെ കസേര തെറിച്ചു
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹിയിലെ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ നടപടി. പ്രോട്ടോക്കോൾ വീഴ്ച കണക്കിലെടുത്ത് കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.സംഭവത്തിൽ ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിനുള്ള മറുപടി ലഭിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഡൽഹി – കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് യാത്ര ചെയ്യേണ്ടിയിരുന്നത്.
പിണറായി വിജയൻ 2.05 ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയ വിവരം ഒപ്പമുണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ഇൻഡിഗോ വിമാന കമ്പനി അധികൃതരെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോട്ടോക്കോൾ ഓഫീസർക്കു വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ലോഞ്ചിൽ വിശ്രമിച്ച പിണറായിയെ ഗേറ്റടയ്ക്കുന്ന സമയം കഴിഞ്ഞിട്ടും വിമാനക്കമ്പനി പ്രതിനിധികൾ കൂട്ടാൻ എത്താഞ്ഞതോടെ ബന്ധപ്പെട്ടപ്പോഴാണ് ഇനി വിമാനത്തിൽ കയറാനാവില്ലെന്നും സമയം കഴിഞ്ഞെന്നും അറിയിച്ചത്.
