Kerala

ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫോറോന ദേവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ കൊടിയേറ്റം 2026 ഏപ്രിൽ 25 ന്

കൊച്ചി: ചരിത്ര പ്രസിദ്ധമായ ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫോറോന ദേവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഈ വർഷത്തെ തിരുനാൾ ഏപ്രിൽ 25 മുതൽ മെയ് 15 വരെ വിവിധ ചടങ്ങുകളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുമെന്ന് വികാരി ഫാ. ജേക്കബ് പുതുശേരി പറഞ്ഞു. ഏപ്രിൽ 25 ശനിയാഴ്ച തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. വൈകുന്നേരം 5.30-ന് ജപമാലയെത്തുടർന്ന് കപ്ലോൻ വികാരി ഫാ. ജേക്കബ് പുതുശേരി കൊടിയേറ്റം നിർവ്വഹിക്കും.
മെയ് 1 വെള്ളിയാഴ്ച തിരുസ്വരൂപം എഴുന്നള്ളിക്കൽ ചടങ്ങ്. രാവിലെ 7-ന് സുറിയാനി കുർബാനയും, 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിശുദ്ധന്റെ തിരുസ്വരൂപത്തിൽ സ്വർണ്ണാഭരണം അണിയിക്കലും നടക്കും. മെയ് 3 ഞായറാഴ്ച വെസ്പര ദിനം. രാവിലെ മുതൽ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും വൈകുന്നേരം 4.30ന് വെസ്പരയും പട്ടണപ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ മെയ് 4 തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും. രാവിലെ 10.30ന് തിരുനാൾ പാട്ടുകുർബാന നടക്കും. വൈകുന്നേരം 5 മണിക്ക് കുർബാനയെത്തുടർന്ന് പട്ടണപ്രദക്ഷിണവും രാത്രി 10.30ന് തിരുസ്വരൂപം തിരികെ വയ്ക്കലും നടക്കും.


മെയ് 10, 11 ഞായർ തിങ്കൾ ദിവസങ്ങൾ ആണ് എട്ടാമിടം ആഘോഷിക്കുന്നത്. 11-ാം തീയതി രാവിലെ 10.30ന് ആഘോഷമായ കുർബാനയും തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.
മെയ് 15 വെള്ളിയാഴ്ച ആണ് തിരുനാൾ സമാപനം. രാവിലെ 10 മണിക്ക് വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റിവെക്കുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. തിരുനാളിനോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് നേർച്ചകൾ അർപ്പിക്കുന്നതിനും കുർബാന പണം അടയ്ക്കുന്നതിനും വിപുലമായ സൗകര്യങ്ങൾ പള്ളി അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴി നേർച്ചകൾ സമർപ്പിക്കാൻ www.stgeorgeforanechurchedappally.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഏപ്രിൽ 25 മുതൽ മെയ് 15 വരെ നേർച്ചക്കോഴി പാചകം ചെയ്യാനുള്ള സൗകര്യം സെന്റ് ജോർജ് എൽ.പി.സ്‌കൂൾ ഗ്രൗണ്ടിൽ രാത്രി പത്തുമണി വരെ ഉണ്ടായിരിക്കുന്നതാണ്. ക്രൈസ്തവ വിശ്വാസത്തിന് അനുയോജ്യമല്ലാത്തതൊന്നും ഗ്രൗണ്ടിൽ അനുവദിക്കുന്നതല്ല.
തിരുനാൾ ദിവസങ്ങളിൽ പോലീസ്, മെഡിക്കൽ യൂണിറ്റ് എന്നിവയുടെ സേവനം ലഭ്യമായിരിക്കുന്നതാണെന്നും, ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ആഘോഷങ്ങൾ നടക്കുകയെന്നും വികാരി ഫാ.ജേക്കബ് പുതുശേരി പറഞ്ഞു.


കച്ചവടത്തിനുള്ള സ്ഥലം ടെൻഡർ മുഖേന ആയിരിക്കും അനുവദിക്കുകയെന്നും, 26.04.2026 രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ ടെൻഡറുകൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇടപ്പള്ളി ഗ്രിഗോറിയൻ ഹാളിൽ കൂടിയ വാർത്താ സമ്മേളനത്തിൽ വികാരി ഫാ ജേക്കബ് പുതുശേരി, കൈക്കാരന്മാരായ രാജു മാളിയേക്കൽ, ബോണി ജോസഫ് മരങ്ങാട്ടിൽ, പബ്ളിസിറ്റി കൺവീനർ സെബാസ്റ്റിൻ മടത്തുംപടി, തിരുനാൾ പ്രസുദേന്തി കുര്യൻ ജോയി ചിങ്ങംതറ എന്നിവർ പങ്കെടുത്തു.