മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് സംഗമം മൗണ്ട് സെന്റ് തോമസിൽ നടന്നു
കൊച്ചി : സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു. ക്രിസ്തുമസ് ദൈവം മനുഷ്യനോട് സംസാരിക്കുന്ന മഹാസന്ദർഭമാണ്. ആ സന്ദേശം മനുഷ്യരിലേക്കെത്തിച്ചത് ദൈവം നേരിട്ടായിരുന്നില്ല മറിച്ച് തന്റെ സന്ദേശവാഹകരിലൂടെയായിരുന്നു. ബേത്ലഹേമിന്റെ രാത്രിയിൽ ദൂതന്മാരും, കാവലിരുന്ന ഇടയന്മാരും, ദൂരെ നിന്ന് നക്ഷത്രത്തിന്റെ പ്രകാശം പിന്തുടർന്ന ജ്ഞാനികളും ഇവരൊക്കെയും ദൈവസന്ദേശത്തിന്റെ വഹകരായി മാറി. ഈ അർത്ഥത്തിൽ, അവർ ആദ്യത്തെ മാധ്യമ പ്രവർത്തകർ ആയിരുന്നു. ഇന്ന്, ഈ ദൈവിക സന്ദേശവാഹകരുടെ പാരമ്പര്യം തുടരുന്നവരാണ് മാധ്യമപ്രവർത്തകർ. സഭയും ലോകവും തമ്മിലുള്ള പാലമായി, കാലത്തിന്റെ അടയാളങ്ങൾ വായിച്ച് സത്യം ഉത്തരവാദിത്തത്തോടെ മൂഹത്തിലേക്കെത്തിക്കുന്നതാണ് മാധ്യമങ്ങളുടെ ദൗത്യം. ദൈവത്തിന്റെ രക്ഷാകര സന്ദേശം സന്ദേശവാഹകരിലൂടെ ലോകത്തെത്തിയതുപോലെ, ഇന്നത്തെ കാലത്ത് മനുഷ്യന്റെ വേദനകളും പ്രത്യാശകളും ലോകത്തിന്റെ മനസ്സാക്ഷിയിലേക്കെത്തിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. സത്യം, നീതി, സമാധാനം എന്നിവയുടെ സേവകരാകുമ്പോൾ, മാധ്യമപ്രവർത്തകർ ക്രിസ്തുമസ് ദൗത്യത്തിന്റെ തുടർച്ചക്കാരായി മാറുന്നു മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകരെ പ്രതിനിധീകരിച്ചു എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ ആർ. ഗോപകുമാർ സംസാരിച്ചു. സീറോമലബർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതവും, സീറോമലബാർ സഭ പി. ആർ. ഓ., ഫാ. ടോം ഓലിക്കരോട്ട് നന്ദിയും പ്രകാശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ക്രിസ്തുമസ് കാരോൾ ഗാനങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരും സഭാനേതൃത്വവും തമ്മിലുള്ള സൗഹൃദസംഭാഷണവും സ്നേഹവിരുന്നും നടന്നു. മാധ്യമലോകവും സഭയും തമ്മിലുള്ള ബന്ധം കൂടുതൽ സുസ്ഥിരവും സൃഷ്ടിപരവുമായതായി വളർത്തുന്നതിന് സഹായകമായ ഒരു അർത്ഥവത്തായ ക്രിസ്തുമസ് സംഗമമായിരുന്നു സഭാ ആസ്ഥാനത്തു നടന്നത്.
