KeralaTrending News

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയ്ക്കും അനുമതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ കോടതി, അവർക്ക് ക്ലാസുകളിൽ പ്രവേശിക്കാനും പ്രത്യേക സെമസ്റ്റർ പരീക്ഷ എഴുതാനും അനുമതി നൽകി. ഇതോടെ സമരവിജയം ആഘോഷിച്ച് സർവകലാശാലയിൽ വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി. നിരാഹാര സമരത്തിലായിരുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കുകയും ചെയ്തു.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിദ്യാർഥികൾ സമർപ്പിച്ച ഹർജി അനുവദിച്ചത്. സർവകലാശാലയുടെ അന്വേഷണ സമിതി റിപ്പോർട്ടും സസ്‌പെൻഷൻ ഉത്തരവുകളും തുടർന്നുള്ള ശിക്ഷാനടപടികളും കോടതി റദ്ദാക്കി. വിദ്യാർഥികൾക്കെതിരായ അന്വേഷണം ചട്ടങ്ങൾ പാലിക്കാതെയായിരുന്നുവെന്നും അവരുടെ ഭാഗം കേട്ടിരുന്നില്ലെന്നുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചു. നടപടി നേരിട്ട വിദ്യാർഥികൾക്കായി ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക സെമസ്റ്റർ പരീക്ഷ നടത്തണമെന്നും സർവകലാശാലയ്ക്ക് നിർദേശം നൽകി. വീണ്ടും അന്വേഷണം നടത്താൻ സർവകലാശാലയ്ക്ക് കഴിയുമെങ്കിലും വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് പുറത്തുനിർത്തിക്കൊണ്ടാകരുതെന്നാണ് കോടതിയുടെ നിർദേശം.

നേരത്തെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. വിദ്യാർഥികൾ സുപ്രീംകോടതിയെയും സമീപിച്ചു. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലെത്തിയത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല നേരത്തെ അറിയിച്ചിരുന്നു.