ബഹ്റൈനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ഡ്രോൺ നീക്കം; ആക്രമണം ചെറുത്തതായി സൈന്യം
മനാമ: ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. ഷെയ്ഖ് ഈസ വ്യോമതാവളത്തിലെ യുഎസ് റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഡ്രോണുകൾ അയച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. തലസ്ഥാനമായ മനാമയിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ ഡ്രോണുകൾ തുടർച്ചയായി ഇറാന്റെ വ്യോമാതിർത്തി ലംഘിക്കുന്നതിനുള്ള തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപുതന്നെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകൾ തകർത്തതായി ബഹ്റൈൻ സൈന്യം അറിയിച്ചു.
ഇറാന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾക്ക് ഇറാൻ പൂർണ ഉത്തരവാദിയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സംഭവത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അപലപിച്ചു. ബഹ്റൈനിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസിയും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച അൽ റിഫയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടും ഇറാൻ ഡ്രോണുകൾ അയച്ചിരുന്നു.
