ട്രംപ്–പുടിൻ–ഷി കൂടിക്കാഴ്ച നവംബർ 19ന് ചൈനയിൽ; നിർണായക വിഷയങ്ങൾ ചർച്ചയാകും
ബെയ്ജിങ്: ലോകത്തെ മൂന്ന് പ്രധാന ശക്തികളായ ചൈന, റഷ്യ, അമേരിക്ക എന്നിവയുടെ നേതാക്കൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഉച്ചകോടി നവംബർ 19ന് ചൈനയിൽ നടക്കും. ഉച്ചകോടി സംബന്ധിച്ച വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ആദ്യമായി സ്ഥിരീകരിച്ചത്. തെക്കൻ ചൈനയിലെ ഷെൻഷെനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ കൂടിക്കാഴ്ച നടത്തും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി, പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കുമെന്നാണ് സൂചന. ആണവായുധ ശേഷിയുള്ള മൂന്ന് രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ചെത്തുന്നതിനാൽ കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണുള്ളത്.
അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറിന്റെ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചതോടെ ഇരു രാജ്യങ്ങളുടെയും ആണവായുധ ശേഖരങ്ങൾക്ക് മേലുള്ള പ്രധാന നിയന്ത്രണ സംവിധാനം ഇല്ലാതായിരുന്നു. ഈ സാഹചര്യത്തിൽ ഉച്ചകോടിയിലെ ചർച്ചകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. 2013ൽ അധികാരത്തിലെത്തിയ ശേഷം ഷി ജിൻപിങ് നിരവധി തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2025ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഷിയുമായുള്ള നാലാമത്തെ കൂടിക്കാഴ്ചയാണിത്. ട്രംപും പുടിനും ഇതുവരെ ഏഴു തവണ നേരിട്ട് കണ്ടിട്ടുണ്ട്. 2025ൽ അലാസ്കയിലായിരുന്നു അവസാന കൂടിക്കാഴ്ച.
അതേസമയം, ട്രംപിനൊപ്പം ഇലോൺ മസ്കും ചൈനയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ത്രിരാഷ്ട്ര ചർച്ചയിൽ മസ്ക് പങ്കെടുക്കാൻ സാധ്യതയില്ല.
