ലോകത്തിനൊപ്പം കേരളവും മാറണം; തൊഴിൽസാധ്യതയുള്ള പുതിയ കോഴ്സുകൾക്ക് പ്രാധാന്യം നൽകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലും തൊഴിൽരംഗത്തും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും ലോകത്തിനൊപ്പം കേരളവും മുന്നേറണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കൂടുതൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന പുതിയ കോഴ്സുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് ചികിത്സയിലൂടെ രോഗാവസ്ഥ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികൾക്ക് ആവശ്യമായ അനലോഗ് ഇൻസുലിൻ ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചികിത്സാരംഗത്ത് സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും. സ്വകാര്യ പങ്കാളിത്തത്തോടെ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതും ഗൗരവമായി പരിഗണിക്കുന്നുണ്ട്.
രോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുള്ള വിപുലമായ പദ്ധതിക്ക് സർക്കാർ രൂപം നൽകിവരികയാണ്. മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. അർഹമായ തുകയുടെ 40 ശതമാനം വരെ മതിയായ കാരണമില്ലാതെ വെട്ടിക്കുറയ്ക്കുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൻഷുറൻസിന് പകരം രോഗികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന അഷ്വറൻസ് സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് ഈ ആനുകൂല്യം വൈകാതെ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികമായി ഇൻസുലിൻ പമ്പുകൾ നിർമിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
