KeralaTrending News

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 58 മാർക്കിന്റെ മൂല്യനിർണയം ഒഴിവാക്കിയത് ഉദ്യോഗസ്ഥ വീഴ്ച; പിഎസ്‌സിയുടെ വാദം തള്ളി എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേട് സാങ്കേതിക പിഴവാണെന്ന പി.എസ്.സിയുടെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തൽ. 58 മാർക്കിന്റെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതിരുന്നത് സാങ്കേതിക പ്രശ്നമല്ലെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും പരിശോധനയിൽ വ്യക്തമായി. ഡെമോ മൂല്യനിർണയം നടത്തിയാണ് അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. മൂല്യനിർണയത്തിലെ സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്നായിരുന്നു പി.എസ്.സി ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. എന്നാൽ, പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി ചോദ്യം ചെയ്യലിലും ഇതേ നിലപാട് ആവർത്തിച്ചതായാണ് വിവരം.

ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പി.എസ്.സിയിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. നേരത്തെ സെക്രട്ടറി സാജു ജോർജും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ചെയർമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് അദ്ദേഹം മൊഴി നൽകിയത്.

അതേസമയം, പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയിട്ടും നിയമന നടപടികൾ പി.എസ്.സി ഇതുവരെ റദ്ദാക്കിയിട്ടില്ല. പഴയ റാങ്ക് പട്ടിക റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ആദ്യ പട്ടികയുടെ അടിസ്ഥാനത്തിൽ നിയമനം നേടിയ അരുൺ ജെ. പ്രതാപ് ഇപ്പോഴും സർവീസിൽ തുടരുകയാണ്. ഇദ്ദേഹത്തെ മാറ്റുന്നതിൽ പി.എസ്.സി ഉടൻ തീരുമാനമെടുക്കാനിടയില്ലെന്നാണ് സൂചന.