NationalTrending News

ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റി; നാളെ വൈകിട്ട് നാലിന്

ഡൽഹി: ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്താനിരുന്ന ജനകീയ കുറ്റവിചാരണ മാറ്റിവച്ചു. പരിപാടി നാളെ വൈകിട്ട് നാലിന് നടത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കൾക്ക് ഏറെനേരം മഴയിൽ നിൽക്കുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യത്തിന്റെ അടുത്ത ഘട്ട പ്രതിഷേധം നടക്കുമെന്നും രാഹുൽ അറിയിച്ചു. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന മഹാറാലി ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ എല്ലാവരും അണിനിരക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.

അതേസമയം, ദീപാവലി വ്യാപാരസീസൺ കണക്കിലെടുത്ത് നവംബർ ഒന്നിലെ മഹാറാലി മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെ വ്യാപാരികൾ രംഗത്തെത്തി. റാലി നടക്കുന്നത് വ്യാപാരത്തെ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യാ സഖ്യത്തിലെ നേതാക്കളായ മമത ബാനർജി, അഖിലേഷ് യാദവ് എന്നിവർക്കും വ്യാപാരികളുടെ കൂട്ടായ്മ കത്തയച്ചു. നേരത്തേ രാഹുൽ ഗാന്ധിക്കും വ്യാപാരികൾ ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ റാലി മാറ്റിവയ്ക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് റിപ്പോർട്ട്.