നവംബർ മുതൽ കേരളത്തിൽ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രിയിൽ 1,280 മെഗാവാട്ടിന്റെ കുറവ് നേരിടും
തിരുവനന്തപുരം: നവംബർ മുതൽ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കും. അടുത്ത മാസം രാത്രികാലങ്ങളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമം തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ലോഡ് ഷെഡിങ്ങിനുള്ള സാധ്യത ഉയരുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി കെഎസ്ഇബി മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെഎസ്ഇബി സമർപ്പിച്ച പെറ്റീഷനിലെ വൈദ്യുതി വില കൂടുതലാണെന്ന് വിലയിരുത്തിയാണ് കമ്മീഷൻ അപേക്ഷ നിരസിച്ചത്.
വൈദ്യുതി ലഭ്യതയിലെ കുറവ് ചൂണ്ടിക്കാട്ടി കെഎസ്ഇബി കഴിഞ്ഞ മാസം സർക്കാരിന് കത്ത് നൽകിയിരുന്നു. വൈദ്യുതി മന്ത്രി ഈ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. അതേസമയം, പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി. അതിനിടെ, കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാമെന്ന് അറിയിച്ചിരുന്ന ഹിമാചൽ പ്രദേശ് കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തെത്തുടർന്ന് വാഗ്ദാനത്തിൽനിന്ന് പിന്മാറി. വിപണിയിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്ന സാഹചര്യവും ഇതുവരെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് പറഞ്ഞു.
ഈ സാഹചര്യത്തിൽ നവംബറിൽ രാത്രികാലങ്ങളിൽ വലിയ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ലഭ്യതയിലെ കുറവ് പരിഹരിക്കാനായില്ലെങ്കിൽ രാത്രിസമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും.
