KeralaTrending News

കിഫ്ബി വിഷയത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ നടത്തിപ്പും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. കിഫ്ബിയിലൂടെ അനിയന്ത്രിതമായി പണം ചെലവഴിച്ച് സംസ്ഥാന ഖജനാവിനെ തകർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചപ്പോൾ, കിഫ്ബിയെ തകർക്കാൻ ശ്രമിച്ചത് യുഡിഎഫാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു. കിഫ്ബി പദ്ധതികൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് സഭയിൽ തർക്കം ഉടലെടുത്തത്. സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും ഇതിൽ 25,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായെന്നും സതീശൻ പറഞ്ഞു. ബാക്കിയുള്ള പദ്ധതികൾ പൂർത്തിയാക്കാൻ 70,000 കോടി രൂപ കൂടി വേണ്ടിവരുമെന്നും ഈ തുക എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരുമാനം ലഭിക്കുന്ന പദ്ധതികൾ കിഫ്ബിക്ക് കീഴിലില്ലെന്നും കടമെടുപ്പ് പരിധി കുറച്ചതോടെ സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ വരുമാനക്കുറവുണ്ടായെന്നും സതീശൻ ആരോപിച്ചു. ധനവകുപ്പിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സംവിധാനമായി കിഫ്ബി പ്രവർത്തിച്ചെന്നും ഉയർന്ന പലിശയ്ക്ക് വായ്പയെടുത്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയുടെ പ്രവർത്തനം ഇനി ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലുണ്ടായ വികസന മുന്നേറ്റത്തിന് കിഫ്ബി വലിയ പങ്കുവഹിച്ചെന്ന് ബാലഗോപാൽ പറഞ്ഞു. ദേശീയപാത വികസനം, മലയോര റോഡുകൾ, വയനാട് തുരങ്കപാത തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികൾ കിഫ്ബിയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങൾക്കും പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.

സിയാൽ, ഇൻഫോപാർക്ക്, ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ കിഫ്ബിയുടെ നേട്ടങ്ങളല്ലെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, സംസ്ഥാന താൽപര്യങ്ങൾക്കെതിരെ പ്രവർത്തിച്ച് കിഫ്ബിയെ തകർത്തത് യുഡിഎഫാണെന്ന് ആരോപിച്ച ബാലഗോപാൽ, വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.