ഇസ്രയേലിൽ റെക്കോർഡ് പോളിങ്; 1973ന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തി
ടെൽ അവീവ്: യുദ്ധങ്ങളും ആഭ്യന്തര തർക്കങ്ങളും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച വെല്ലുവിളികൾക്കിടെ ഇസ്രയേലിൽ റെക്കോർഡ് പോളിംഗോടെ പൊതുതെരഞ്ഞെടുപ്പ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിനും തുടർന്നുണ്ടായ യുദ്ധങ്ങൾക്കും ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ വൻതോതിലാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്താനെത്തിയത്. 1973ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് രണ്ടുമണിയോടെ 44.9 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. 30 ലക്ഷത്തിലധികം ആളുകളാണ് അപ്പോഴേക്കും സമ്മതിദാനാവകാശം വിനിയോഗിച്ചത്. വൈകിട്ട് നാലോടെ പോളിങ് 55.7 ശതമാനമായി ഉയർന്നു.
ഒക്ടോബർ ഏഴിലെ ആക്രമണം, ഗാസയിലെയും ഇറാനിലെയും യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധി, സൈനിക സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക് ഉറപ്പാക്കാൻ ഇസ്രയേൽ പൗരന്മാർ വലിയ തോതിൽ വോട്ടെടുപ്പിൽ പങ്കെടുത്തതായാണ് വിലയിരുത്തൽ. അറബ് പൗരന്മാർ, ഹരേദി വിഭാഗക്കാർ, കുടിയേറ്റക്കാർ, സൈനികർ, തീരദേശവാസികൾ തുടങ്ങി വിവിധ സാമൂഹിക വിഭാഗങ്ങളിൽപ്പെട്ടവർ വോട്ടെടുപ്പിൽ പങ്കാളികളായി. അതേസമയം, ചിലയിടങ്ങളിൽ ബാലറ്റ് പേപ്പറുകൾ കാണാതായെന്നും കേടുപാടുകൾ സംഭവിച്ചെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. പരാതികളിൽ വിശദമായ പരിശോധന നടത്തി വ്യക്തത വരുത്തുമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.
