KeralaTrending News

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ സജീവടക്കം നാല് പ്രതികൾക്കും ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളുടെ അപേക്ഷകൾ നിരസിച്ചത്. കസ്റ്റഡി കാലാവധി പൂർത്തിയായെന്നും തുടർന്നും കസ്റ്റഡിയിൽ വയ്ക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും വാഹനത്തിന്റെ ഇഡിആർ പരിശോധനാഫലവും സുഹൈൽ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനാഫലവും ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അപകടസമയത്ത് സുഹൈൽ അമിതവേഗത്തിലായിരുന്നു വാഹനമോടിച്ചതെന്നും മദ്യപിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി ജാമ്യം അനുവദിച്ചില്ല. നേരത്തേ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബർ 11ന് നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ വാളെപ്പുറത്തുണ്ടായ അപകടത്തിൽ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മൂന്ന് പേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചതിന്റെ ശബ്ദസന്ദേശവും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദസന്ദേശത്തിൽ അപകടത്തിന് ഉത്തരവാദി സുഹൈലാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.