KeralaTrending News

ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകന് വീ​ണ്ടും ജാമ്യം, 104 കിലോമീറ്റർ വേഗത്തിലായിരുന്നെന്ന് പൊലീസ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. അപകടത്തിൽ ജയബാലകൃഷ്ണൻ മരിച്ചതിനെ തുടർന്ന് കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് പൊലീസ് വീണ്ടും നടപടിയിലേക്ക് കടന്നത്. അപകടത്തിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ പ്രതിഷേധത്തെ തുടർന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ ജഡ്ജിയുടെ മകന് ജാമ്യം അനുവദിച്ച നടപടിയിൽ അംഗീകരിക്കാനാകില്ലെന്നാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതികരണം.

പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നു. പ്രതി ഓടിച്ചിരുന്ന കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കാറിന്റെ വേഗത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ 17കാരന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.