ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൽപ്പറ്റ: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. എന്നാൽ കേസിൽ ലില്ലി ജോസിനെ പ്രതി ചേർക്കുന്ന സാഹചര്യമുണ്ടായാൽ മുൻകൂർ നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് പാടുള്ളൂ എന്ന ആവശ്യം കോടതി അംഗീകരിച്ചു. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃതമായി മദ്യം പിടികൂടിയ സംഭവത്തിലാണ് കേസ്. മദ്യം കണ്ടെത്തിയ വീട് തന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. എന്നാൽ വീട് ആന്റോ അഗസ്റ്റിന്റേതാണെന്നാണ് എക്സൈസ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ബാങ്ക് ജപ്തി ചെയ്തതിന് പിന്നാലെ നടന്ന ലേലത്തിൽ ലില്ലി ജോസ് വീട് സ്വന്തമാക്കിയതാണെന്നും അതിനാൽ വീടുമായി ബന്ധപ്പെട്ട് തന്നെ പ്രതിയാക്കാനാകില്ലെന്നുമാണ് ആന്റോ അഗസ്റ്റിൻ നേരത്തെ കോടതിയിൽ വാദിച്ചത്. വീട് തന്റെ പേരിലുള്ളതല്ലെന്നും നിലവിൽ കേസുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്വത്താണെന്നും കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വാഴവറ്റയിലെ വീട് നിർമിച്ചത് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചാണെന്നും എക്സൈസ് ആരോപിക്കുന്നു. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്.
138 കുപ്പികളിലായി 67 ലിറ്റർ മദ്യമാണ് റെയ്ഡിൽ പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ലില്ലി ജോസിനെ കേസിൽ പ്രതി ചേർക്കേണ്ട സാഹചര്യമുണ്ടായാൽ ആദ്യം നോട്ടീസ് നൽകണമെന്നും അതിനുശേഷം മാത്രമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
