World

നേപ്പാളിലെ പ്രളയം; 40 ദിവസത്തിന് ശേഷം രക്ഷാപ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു

കാഠ്മണ്ഡു: രാജ്യത്തെ തകർത്ത മിന്നൽപ്രളയത്തെ തുടർന്ന് ആഴ്ചകളായി തുടർന്ന തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും നേപ്പാൾ സർക്കാർ ഔദ്യോഗികമായി വിരാമമിട്ടു. ഓഗസ്റ്റ് 26ന് ഉണ്ടായ അതിരൂക്ഷമായ പ്രളയത്തിന് 40 ദിവസങ്ങൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ഇനി തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. പ്രളയത്തിൽ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞ സാഹചര്യത്തിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇനി രക്ഷാപ്രവർത്തനങ്ങൾക്ക് പകരം ദുരന്തബാധിത മേഖലകളിലെ പുനരധിവാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകാനാണ് തീരുമാനം.

ഭോട്ടെകോശി, ത്രിശൂലി നദികളിലുണ്ടായ പ്രളയം നദീതീരങ്ങളിലെ നിരവധി ഗ്രാമങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചിരുന്നു. നിരവധി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ജില്ലാ സുരക്ഷാ സമിതികളുടെയും ദുരന്തനിവാരണ സമിതികളുടെയും ശുപാർശകളും ഫീൽഡ് ഇൻസ്പെക്ഷൻ റിപ്പോർട്ടുകളും പരിഗണിച്ച ശേഷമാണ് തെരച്ചിൽ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇനി ദുരന്തബാധിതരുടെ പുനരധിവാസവും തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണവുമാകും പ്രധാന പരിഗണന.